മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മതനിരപേക്ഷ ഐക്യം അനിവാര്യം - ജെ.ഡി സി സി ടേബിൾ ടോക്ക്

17 May 2023

ജിദ്ദ - മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മതനിരപേക്ഷ ഐക്യം അനിവാര്യമാണെന്ന് ജിദ്ദ ദഅ്വ കോഡിനേഷൻ കമ്മിറ്റി 2023 മെയ് 6 ന് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. വർത്തമാനകാല ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ ഏതൊരു ഭാരതീയനെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. പാഠ്യപദ്ധതികളും സാഹിത്യവും കലയും പോലും ദുരുപയോഗപ്പെടുത്തി ഭരണകൂടത്തിന്റെ ഒത്താശയോടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് അധികാരം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് അവർ. ഫാസിസത്തിനെതിരിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച് മതേതര ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളിൽ മതനിരപേക്ഷ കക്ഷികളുടെ ഐക്യം അനിവാര്യമാണ്.

മതനിരപേക്ഷ സമൂഹങ്ങൾ തോളോട് തോൾ ചേർന്ന് ജീവിക്കുന്ന നമ്മുടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ സ്വതന്ത്രമായി ജീവിക്കാൻ പോലും കഴിയാത്ത വിധം അപരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പി.ആർ വർക്കുകളും നിർമ്മിത നുണക്കഥകളും ഭരണകൂടത്തിന് ഒത്താശ നൽകുന്ന ജുഡീഷ്യറിയും ബ്യൂറോക്രസിയും ഒക്കെ ചേർന്ന് ഇന്ത്യയുടെ മണ്ണിനെ ഫാസിസ്റ്റുകൾക്ക് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ പാകപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിനെതിരിൽ ഒരുമിച്ചു നിൽക്കേണ്ട ന്യൂനപക്ഷ സമുദായങ്ങൾക്കും മതേതര കക്ഷികൾക്കും ഇടയിൽ പോലും വിള്ളൽ വീഴ്ത്തി ഹിന്ദുത്വയുടെ പൊതുബോധം ഭൂരിപക്ഷ സമുദായത്തിനിടയിൽ സൃഷ്ടിച്ച് അവരിലെ മഹാഭൂരിപക്ഷത്തെയും വർഗീയവൽക്കരിക്കാൻ ഉള്ള കുതന്ത്രങ്ങളുമായി ഫാസിസം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഫാസിസത്തോട് ചേർന്ന് നിൽക്കുകയും അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്താൽ തങ്ങൾ സുരക്ഷിതരാണെന്ന മൗഢ്യധാരണയിൽ ചിലരെങ്കിലും മുന്നോട്ടുവരുന്നത് ജനാധിപത്യ വിശ്വാസികളെ തീർച്ചയായും ആശങ്കപ്പെടുത്തുന്നുണ്ടെന്നും ടേബിൾ തോക്കിൽ പങ്കെടുത്ത ജിദ്ദയിലെ വിവിധ സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.ഷറഫിയയിലെ അനസ് ബിൻ മാലിക് സെൻററിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മോഡറേറ്റർ ആയിരുന്നു. പീസ് റേഡിയോ സി.ഇ. ഓ ഹാരിസ് ബിൻ സലിം ചർച്ചയ്ക്ക് തുടക്കം കുറിച്ചു. കെ.എം.സി സി, ഒ.ഐ.സി സി, നവോദയ, ന്യൂ ഏജ്, മീഡിയ ഫോറം, എം.ഇ. സ്, സമസ്ത ഇസ്ലാമിക് സെൻറർ, കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യൻ ഇസ്ലാഹി സെൻറർ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ, യൂത്ത് ഇന്ത്യ, ആവാസ് ജിദ്ദ, പ്രവാസി വെൽഫെയർ, എം.എസ്.എസ്, ജെ.ഡി.സി.സി എന്നീ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് റഫീഖ് സുല്ലമി സ്വാഗതവും വൈസ് പ്രസിഡണ്ട് ഇഖ്ബാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.