ഹയർ സെക്കണ്ടറി പ്രവേശനം; പുതിയ അദ്ധ്യയന വർഷം മതിയായ സീറ്റുകൾ ഉറപ്പ് വരുത്തണം : വിസ്ഡം സ്റ്റുഡന്റ്സ്

20 May 2023

എറണാകുളം : പുതിയ അദ്ധ്യയന വർഷം ഹയർ സെക്കൻഡറി പ്രവേശനത്തിന് മതിയായ സീറ്റുകൾ സർക്കാർ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന 'റിലീജ്യസ്‌ സ്‌കൂൾ' അഷ്ട ദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടന സംഗമം ആവശ്യപ്പെട്ടു. പ്രാഥമിക യോഗങ്ങളിൽ തന്നെ ഉചിതമായ ആലോചനകൾ ഉയരണമെന്നും സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പരമാവധി വിദ്യാർത്ഥികൾക്കുള്ള തുടർ പഠന സാഹചര്യം ഒരുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും സംഗമം ആവശ്യമുയർത്തി. ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഗമം ചൂണ്ടിക്കാട്ടി.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ഭാരവാഹികളായ ഡോ. ഷഹബാസ് കെ അബ്ബാസ്, ഖാലിദ് വെള്ളില, സഫുവാൻ ബറാമി അൽ ഹികമി എന്നിവർ സംസാരിച്ചു. ശമീർ മദീനി, ഷഫീഖ് സ്വലാഹി, ശരീഫ് കാര, അബ്ദുറഹ്മാൻ ചുങ്കത്തറ തുടങ്ങിയവർ പഠനസെഷനുകൾ നയിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ നിയാസ് കൂരിയാടൻ, തമീസ് എറണാകുളം, റൈഹാൻ കാക്കനാട്, ജില്ലാ ഭാരവാഹികളായ ആഷിഖ് പെരുമ്പാവൂർ, ഉനൈസ് പറവൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വ്യത്യസ്ത ജില്ലകളിൽ നിന്നായി എസ്.എസ്.എൽ.സി. പൂർത്തിയാക്കിയ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി ക്യാമ്പ് ഒരുക്കിയത്. വിവിധ വിഷയങ്ങളിലെ പഠന സെഷനുകൾ, അക്കാഡമിക് ഗൈഡൻസ്, മോട്ടിവേഷനൽ ടോക്കുകൾ, ലഹരിക്കെതിരായ ബോധവത്കരണം, ആക്ടിവിറ്റികൾ, ക്യാമ്പ് ട്രിപ്പ് തുടങ്ങിയ നിരവധി സെഷനുകളായാണ് ക്യാമ്പ് ക്രമീകരിച്ചത്.