ദക്ഷിണ കേരളത്തിന് ആവേശം പകർന്ന് കൊല്ലം ജില്ലാ വൈജ്ഞാനിക സമ്മേളനം മൈനാഗപ്പള്ളിയിൽ ഉജ്ജ്വലമായി

22 May 2023

നാളുകളുടെ അധ്വാനത്തിന് ശേഷം മൈനാഗപ്പള്ളിയിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വൈജ്ഞാനിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം. കൊല്ലം ജില്ലക്ക് മാത്രമല്ല ദക്ഷിണ കേരളത്തിലെ പ്രബോധന പ്രവർത്തനങ്ങൾക്ക് കൂടി പുത്തനുണർവ്വ് പകർന്ന് നൽകുന്നതായിരുന്നു വൈജ്ഞാനിക സമ്മേളനം.

മാസങ്ങൾക്ക് മുമ്പ് കൊല്ലം ജില്ലാ കമ്മറ്റി കൊട്ടിയത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനം നാഷണൽ ഹൈവേയുടെ ഓരത്തായിരുന്നെങ്കിൽ ഇപ്രാവശ്യം ഗ്രാമപ്രദേശമായ മൈനാഗപ്പള്ളിയിലും ജനപങ്കാളിത്തം കൊണ്ട് ധന്യമായിരുന്നു. എൻ.ആർ കൺവെൻഷൻ സെൻ്ററിൻ്റെ വിശാലമായ മൈതാനത്തിൽ എല്ലാ ഭാഗവും സമ്മേളനത്തിൻ്റെ ചടുലത ജ്വലിച്ച് നിൽക്കുന്നതായിരുന്നു. വർധിച്ച സ്ത്രീ പങ്കാളിത്തവും നാട്ടുകാരുടെ നിറഞ്ഞ സാന്നിധ്യവും സമ്മേളനം ലക്ഷ്യം നേടിയതിൻ്റെ ലക്ഷണമായി.

വിശുദ്ധ ഖുർആനിനെ മുസ്‌ലിം ഉമ്മത്ത് അർഹിക്കുംവിധം പരിഗണിക്കുന്നതിൽ ഇനിയും ഏറെ മുന്നോട്ട് വരാനുണ്ടെന്ന് ഫൈസൽ മൗലവി ഉത്ബോധിപ്പിച്ചു. സമകാലിക പ്രശ്നങ്ങളും അവയുടെ പരിഹാരവും ടി.കെ അഷറഫ് വിശദീകരിച്ചു. മടങ്ങാം സ്രഷ്ടാവിലേക്ക് ഒരുങ്ങാം നാളേക്ക് വേണ്ടി എന്ന വിഷയം ഹുസൈൻ സലഫി ഹൃദ്യമായി അവതരിപ്പിച്ചു.

സി. ആര്‍. മഹേഷ് എം.എൽ. എ. ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് നിസാർ കണ്ടത്തിൽ അധ്യക്ഷനായിരുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി. കെ. ഗോപൻ മുഖ്യാതിഥിയായിരുന്നു. പി. എം. സയ്ദ്, സൈദ് മുഹമ്മദ് തടിക്കാട്, സഹൽ സലഫി, അനസ് സ്വലാഹി, നാസിം വലിയവീടൻ, ഡോ. സൽമാൻ എന്നിവർ സംസാരിച്ചു.