കെട്ടിയിടേണ്ടത് ആരെ!?

24 Dec 2022

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഇനിമുതൽ രാത്രി ഒമ്പതരയ്ക്കുള്ളിൽ ഹോസ്റ്റലിൽ തിരികെ കയറണമെന്ന് സർക്കാർ ഉത്തരവ് ഇറക്കി.പെൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിടേണ്ട കാര്യമില്ലെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം അവർക്കുമാത്രമെന്തിനെന്നും ഹൈക്കോടതി ചോദ്യം ചെയ്ത ഘട്ടത്തിലാണ് ഇരുകൂട്ടർക്കും 9:30 ആക്കി സമയം കുറച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമല്ലെന്ന് ഇതേ തുടർന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ നിലപാടെടുക്കുകയും ചെയ്തു. ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ഇടമല്ല; പഠിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലുകളിൽ ഉള്ളത്. രാത്രി 9 മണിക്ക് കോളേജിലെ ലൈബ്രറികൾ അടക്കും. പിന്നീട് പഠനാവശ്യത്തിന് പുറത്തു പോകേണ്ടതില്ല. അതിനാൽ 9:30ന് ഹോസ്റ്റൽ അടക്കുന്നതിൽ തെറ്റില്ല എന്ന് ആരോഗ്യസർവകലാശാല കോടതിയെ അറിയിക്കുകയായിരുന്നു. 25 വയസ്സ് പ്രായം എത്തുമ്പോഴാണ് ഒരാൾക്ക് പൂർണമായ പക്വത കൈവരുന്നത് എന്ന് പല രാജ്യന്തര പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഇതിന് താഴെ പ്രായമുള്ളവർക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പഠന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ സമാധാനം നൽകുന്ന ഒരു നിലപാടാണ് സർവ്വകലാശാല സ്വീകരിച്ചിട്ടുള്ളത് എന്ന് പറയാതെ വയ്യ. എന്നാൽ ലിബറൽ ചിന്തകൾക്ക് അടിമപ്പെട്ടവർ പഠന സ്വാതന്ത്ര്യത്തിൻ്റെ വാദമുയർത്തി ഈ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്!. കഴുകക്കണ്ണുള്ള പുരുഷന്മാർക്ക് കൊത്തിവലിക്കാൻ പാകത്തിൽ രാത്രികളിൽ സ്ത്രീകളെ തെരുവിലിറക്കാൻ വെമ്പൽ കൊള്ളുന്ന ചാനൽ അവതാരകന്മാർ ഈ വിഷയം ഏറ്റെടുത്ത് ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.

"നായ കടിക്കുമെന്ന് കരുതി റോഡിൽ ഇറങ്ങുന്നവരെയെല്ലാം കെട്ടിയിടാനാവുമോ? നായയെ ചങ്ങലക്കിടുകയല്ലേ വേണ്ടത്?"എന്നാണ് ചാനൽ ചർച്ചകളിൽ ചോദിച്ചു കൊണ്ടിരിക്കുന്നത്.

ശരിയാണ്, നായയെ പിടിച്ച് കെട്ടണം. അതോടൊപ്പം, നായയുടെ അരികിലേക്ക് ചെല്ലാതിരിക്കാനും ശ്രദ്ധിക്കണം.ഡ്രൈവർ ശ്രദ്ധിക്കുമെന്ന് കരുതി റോഡിലൂടെ നടക്കുന്ന നമുക്ക്‌ ജാഗ്രത ഒട്ടും വേണ്ടതില്ലേ?കള്ളനെ പിടിക്കൽ പോലീസിൻ്റെ ബാധ്യതയാണെന്ന് പറഞ്ഞ് വീട് പൂട്ടാതിരിക്കാനാവുമോ? കോവിഡ് വ്യാപിച്ചപ്പോൾ വൈറസിനെ പിടിച്ച് കെട്ടൂ എന്ന് പറഞ്ഞ് നമ്മൾ മാസ്ക് ധരിക്കാതിരുന്നോ?

അക്രമികൾ ആരുമാകട്ടെ, അവരെ നിയന്ത്രിക്കണം, അതോടൊപ്പം നമ്മൾ ജാഗ്രത പാലിക്കുകയും വേണം. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്ന ഈ കാലത്ത്. പ്രണയക്കൊലയും ലഹരിയും മറ്റു അനാശാസ്യങ്ങളും സർവ നിയന്ത്രണങ്ങളും തകർത്ത് കുതിച്ചുയരുമ്പോൾ കൗമാരപ്രായക്കാർക്ക് അല്പം നിയന്ത്രണം ആവശ്യമാണെന്ന കാര്യത്തിൽ ശരാശരിക്ക് മുകളിൽ ചിന്തിക്കുന്ന ആർക്കും സംശയമുണ്ടാകില്ല. മക്കളെ പഠിക്കാനയച്ച നല്ലൊരു ശതമാനം രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ഇതാണ്. രാത്രി തിയറ്ററുകളിലും മറ്റും കാമുകീ കാമുകന്മാടൊപ്പം ചുറ്റിക്കറങ്ങി ശീലച്ചവർക്ക് 9:30 ന് ഹോസ്റ്റലിൽ തിരിച്ചെത്തണമെന്ന സർക്കുലർ തലവേദനയുണ്ടാക്കുക സ്വാഭാവികമാണ്.

ക്യാമ്പസുകളിൽ വർധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ഇതോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 'എന്റെ ശരീരം എന്റെ അവകാശമാണ്' (my body my right) എന്ന് വാദിക്കുന്ന, അതിന് വേണ്ടി കൊടി പിടിക്കുന്ന ലിബറലുകൾ, ഇന്ന് ഇത്തരം ആശയങ്ങൾ, നിഷ്കളങ്കരായി ക്യാമ്പസുകളിൽ എത്തുന്ന ഒന്നാം വർഷ വിദ്യാർഥി-വിദ്യാർഥിനികളുടെ മനസ്സിൽ വരെ വളരെ ബോധപൂർവം 'ഇഞ്ചക്ട്' ചെയ്യുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇവയെ തുടർന്നാണ് ധാർമികതയ്ക്കും സദാചാര മൂല്യങ്ങൾക്കും മതബോധത്തിനുമൊന്നും യാതൊരു വിലയും കൽപ്പിക്കാതെ യുക്തിചിന്തയുടെയും സ്വതന്ത്രതാവാദത്തിന്റെയും ആളുകളായി കുട്ടികൾ മാറ്റപ്പെടുന്നത്.

ഏതാനും ലിബറലുകൾ മുദ്രാവാക്യം വിളിക്കുമ്പോഴേക്കും സർവകലാശാല ഹൈകോടതിയിൽ പറഞ്ഞ നിലപാടിൽ നിന്ന് പിറകോട്ട് പോകരുത്. സർക്കാർ സമ്മർദത്തിന് വിധേയമായി എടുത്ത തീരുമാനം മാറ്റുകയും ചെയ്യരുത്.