സി.ആർ.ഇ. തുടർ മത വിദ്യാഭ്യാസ പദ്ധതിക്ക്‌ സമാരംഭം • പ്രവേശനം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക്‌

21 May 2023

വിസ്ഡം ഇസ്ലാമിക്‌ സ്റ്റുഡൻസ്‌ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സി.ആർ.ഇ. തുടർ മത വിദ്യാഭ്യാസ പദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊയിലാണ്ടി ഇല കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് സഫുവാൻ ബറാമി അൽ ഹികമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല വിദ്യാർത്ഥികൾക്കാണ്‌ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങളും, സംഘാടനവും, സംവിധാനവും പരിശോധിച്ചു അഫിലിയേഷൻ നൽകിയ സംസ്ഥാനത്തെ നൂറു കണക്കിന്‌ സെന്ററുകളിൽ ഇതോടെ പദ്ധതിക്ക്‌ തുടക്കമാകും. മത - ധാർമ്മിക വിഷയങ്ങൾക്ക്‌ പ്രത്യേകം ഊന്നൽ കൊടുത്തും ലഹരി, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരായുള്ള സന്ദേശങ്ങളുൾപ്പെടെ പകർന്ന്‌ കൊടുക്കാവുന്ന വിധത്തിലാണ്‌ സിലബസ്സ്‌ ക്രമീകരിച്ചിട്ടുള്ളത്‌. കൃത്യമായ സിലബസ്സും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും, നൂതന സാങ്കേതിക വിദ്യയയെ പ്രയോജനപ്പെടുത്തിയുള്ള വ്യവസ്ഥാപിത സംവിധാനമാണിത്‌. തുടർന്നുള്ള എല്ലാ ആഴ്ചകളിലും നിശ്ചിത ദിവസം ക്ലാസ്സുകൾ തുടരും. പങ്കെടുക്കേണ്ടവർക്ക്‌ ബന്ധപ്പെട്ട കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത്‌ പ്രവേശനം നേടാം.

ഉദ്ഘാടന ചടങ്ങിൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി സി.വി. കാബിൽ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ലത്തീഫ് ഒ.കെ., കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ഫാരിസ് അൽ ഹികമി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എ.പി. മുനവ്വർ സ്വലാഹി, ശരീഫ് കാര എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ജില്ലാ പ്രസിഡന്റ് ഹംറാസ് കൊയിലാണ്ടി സ്വാഗതവും സെക്രട്ടറി സ്വാലിഹ് അൽ ഹികമി നന്ദിയും പറഞ്ഞു.