ദൈവിക ദർശനം മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കും: വിസ്ഡം കോൺഫറൻസ് 

13 Feb 2023

മാനവരക്ഷയ്ക്ക് ദൈവിക ദർശനം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ 2023 ഫെബ്രുവരി 12 ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനം നവോത്ഥാന ചിന്തയുടെ പുതിയ ചരിത്രം കുറിച്ചു. ദൈവിക ദർശനം മധ്യമ നിലപാടിലേക്കും വിട്ടുവീഴ്ചയിലേക്കും സഹവർത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാൽ മാനവരക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി കൾച്ചറൽ അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുറൈജി അൽ അനസി കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിഭിന്ന വർഗ്ഗങ്ങളും ഗോത്രങ്ങളും ഉൾക്കൊള്ളുന്നതും ശാന്തിയിലും നിർഭയത്വത്തിലും കഴിയുന്നതുമായ മാതൃകാ സമൂഹമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഏക ദൈവത്വമാണ് മാനവ രക്ഷക്കുള്ള ഏറ്റവും വലിയ മാർഗം എന്നും രഹസ്യവും പരസ്യവുമായ വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത സൂക്ഷിച്ച് കൊണ്ടാണ് ആദർശം സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സൗദി എംബസി അസിസ്റ്റൻറ് അറ്റാഷെ ശൈഖ് അബ്ദുല്ലത്തീഫ് അസ്വമത് അൽ കാത്തിബ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എം.പി, ഡോ.എം.കെ.മുനീർ എം. എൽ.എ, അഡ്വ.കെ.എം.സച്ചിൻ ദേവ് എം.എൽ.എ എന്നിവർ അതിഥികളായി. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ടി.കെ.അഷറഫ്, ഹുസൈൻ സലഫി, ഹാരിസുബ്നു സലിം, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസർ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, ടി.കെ.നിഷാദ് സലഫി, ശമീൽ മഞ്ചേരി എന്നിവർ സംസാരിച്ചു.

അധികാരമുള്ള ഫാഷിസവും പടരുന്ന ലിബറലിസവും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ മുസ്ലിം സാമുദായിക നേതൃത്വം സമൂഹത്തിന് വഴിയും വെളിച്ചവും ആകണമെന്ന് വിസ്ഡം ഇസ്ലാമിക് കോൺഫറൻസ് ആഹ്വാനം ചെയ്തു.