മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന നിരപരാധികൾക്ക് വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഐക്യദാർഢ്യം : T.K. അഷ്റഫ്, ജനറൽ സെക്രട്ടറി

10 Jul 2023

വ്യത്യസ്ത ക്രൈസ്തവസഭാ മേലധ്യക്ഷന്മാർ ഈ ദിവസങ്ങളിൽ നടത്തിവരുന്ന പ്രസ്താവനകളും പ്രഭാഷണങ്ങളും അഭിമുഖങ്ങളും എല്ലാം കാണുമ്പോൾ നമ്മുടെ കേരളത്തിൽ മൂടിക്കെട്ടി നിന്നിരുന്ന വെറുപ്പിന്റെ കാർമേഘം പെയ്തൊഴിയുന്നതായി അനുഭവപ്പെടുന്നു. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനായി വർഗീയവാദികൾ വിതച്ച വിദ്വേഷത്തിന്റെ വിഷബീജങ്ങളാണ് കരിഞ്ഞു കൊണ്ടിരിക്കുന്നത്. ക്രൈസ്തവരെയും മുസ്ലീങ്ങളെയും അകറ്റാൻ കൊണ്ടുവന്ന സർവ്വായുധങ്ങളും നിഷ്പ്രഭമാക്കുന്ന പ്രസ്താവനകളാണ് ബിഷപ്പുമാർ നടത്തുന്നത്.

ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കും എന്ന നിലപാട് വ്യക്തമാക്കിയതിലൂടെ മുസ്ലീങ്ങളും ക്രൈസ്തവരും മാത്രമല്ല; ഏക സിവിൽ കോഡ് നേരിട്ട് ബാധിക്കുന്ന മറ്റു ജനവിഭാഗങ്ങളും ഒന്നിച്ചു മുന്നോട്ടുപോകുമെന്ന ശുഭസൂചനയാണ് ഇതിലൂടെ തെളിയുന്നത്. ഇത് വിഭാഗീയതയ്ക്ക് ചൂണ്ടലിട്ട് കാത്തിരിക്കുന്നവർക്ക് കടുത്ത നിരാശ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

മണിപ്പൂരിലെ ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന യാതനകളിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നാണ് അവർ ഉയർത്തുന്ന മറ്റൊരു പ്രധാന ആവശ്യം. പലരും കടുത്ത ഭാഷയിൽ തന്നെ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് കാണാം. അത്രമാത്രം ശക്തമാണ് മണിപ്പൂരിലെ ക്രൈസ്തവ വേട്ട.

കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സിയുടെ ഔദ്യോഗിക വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളി, തലശ്ശേരി സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനി, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ എന്നിവരുമായി ഇന്ന് ഫോണിൽ സംസാരിച്ചപ്പോൾ വിഭാഗീയതക്കെതിരിൽ ഒന്നിച്ച് നീങ്ങേണ്ടതിൻ്റെ പ്രാധാന്യം അവരെല്ലാം ഊന്നി പറഞ്ഞതും വലിയ പ്രതീക്ഷ നൽകുന്നതാണ്.

കേരളത്തെ മണിപ്പൂരാക്കാൻ ഒരിക്കലും മലയാളികൾ സമ്മതിക്കില്ല. മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന നിരപരാധികൾക്ക് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ വംശഹത്യക്കെതിരെ എല്ലാ മതവിഭാഗത്തിലേയും സമാധാന പ്രിയരെ ഉൾപ്പെടുത്തി ഒരു ഐക്യദാർഢ്യ സമാധാന സമ്മേളനം കേരളത്തിൽ നടക്കേണ്ട ഘട്ടമാണിത്. അത്രയ്ക്കും വേദനയും അരക്ഷിതാവസ്ഥയും ക്രൈസ്തവ സമൂഹം അനുഭവിക്കുന്നുണ്ട്. അതിന് ബന്ധപ്പെട്ടവർ മുൻകയ്യെടുക്കണമെന്നഭ്യർഥിക്കുന്നു.