13 Jul 2023
തിരൂർ : വിവിധ ക്രൈസ്തവ സംഘടനകളും സഭാ മേലധ്യക്ഷന്മാരും ഏക സിവിൽ കോഡിനെതിരെ രംഗത്തുവരാൻ നടത്തിയ പ്രസ്താവനകൾ സ്വാഗതാർഹമാണെന്ന് വിസ്‌ഡം യൂത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ അക്രമങ്ങളിൽ വേദന അനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാർഢ്യം സമ്മേളനം പ്രഖ്യാപിച്ചു.
രാജ്യത്തിന്റ സൗന്ദര്യം വൈവിധ്യമായിരിക്കെ ഏകീകൃത വ്യക്തിനിയമം കൊണ്ട് വരാനുള്ള ശ്രമം പൈതൃകത്തെ നിരാകരിക്കലാണെന്നും അതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ മതനിരപേക്ഷ ചേരിയിൽ ഭിന്നതയുണ്ടാകരുതെന്നും വിസ്ഡം യൂത്ത് സംസ്ഥാന പ്രധിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഏകസിവിൽകോഡിനെതിരെ രംഗത്ത് വരുന്നവർ വിയോജിപ്പിൽ ആത്മാർത്ഥത പുലർത്തണം.
കേവല വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിന്റ വൈവിധ്യങ്ങളെ കാത്ത് സൂക്ഷിക്കണമെന്ന ജനവികാരത്തെ ചൂഷണം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും.ഇത്തരം വൈകാരിക പ്രശ്നങ്ങളെ സമീപിക്കുന്നതിൽ അധികാരികൾ അവധാനതകാണിക്കണം.
തെരെഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ വിവാദ വിഷയങ്ങൾ കൊണ്ട് ധ്രുവീകരണത്തിന് ശ്രമിക്കുന്ന രാഷ്ട്രീയം നീചമാണ്.ഉയർന്ന ചിന്താഗതിയിലൂടെയും വൈജ്ഞാനിക പ്രതിരോധത്തിലൂടെയും അക്രമ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ യുവാക്കൾ ബദ്ധശ്രദ്ധരാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി തിരൂർ വാഗൺ ട്രാജടി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി, അബ്ദുറഷീദ് കുട്ടമ്പൂർ,വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ അൻഫസ് മുക്രം സംസ്ഥാന ഭാരവാഹികളായ ഡോ. പി പി നസീഫ്, ജംഷീർ സ്വലാഹി, യു. മുഹമ്മദ് മദനി, മുഹമ്മദ് ശബീർ കെ പി, ബഷീർ വി പി, ഫിറോസ് ഖാൻ സ്വലാഹി, മുസ്തഫ മദനി, അബ്ദുല്ല അൻസാരി, സിനാജുദ്ദീൻ പി തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി.. സമ്മേളന പ്രതിനിധികൾ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.