03 May 2023
കോഴിക്കോട് : സമൂഹത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകൾ പ്രചരിപ്പിച്ച് വർഗ്ഗീയവിഷം ചീറ്റുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേർസ് സമ്മിറ്റ് ആവശ്യപ്പെട്ടു.കേരളം മാനവ സൗഹാർദ്ധത്തിന് പേരുകേട്ട നാടാണ്. ഇവിടെ സ്ത്രീകളെ കൂട്ടത്തോടെ മതംമാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നുവെന്ന നുണപ്രചാരണത്തെ കേരളീയ സമൂഹം ഒരുമിച്ച് നേരിടണം. ഒരു സംസ്ഥാനത്തെ തന്നെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്ക് രാജ്യത്ത് അനുമതി നൽകരുതെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.വർഗ്ഗീയ ഫാഷിസ്റ്റുകൾ ആവർത്തിക്കുന്ന നുണകളുടെ രാഷ്ട്രീയമാണ് ഇത്തരം കഥകൾക്ക് പിന്നിലുള്ളത്.ഇസ്ലാം ഭീതി വിതച്ച് ഒരു വിഭാഗത്തെ അപരവൽക്കരിക്കുന്നതോടൊപ്പം ലോകത്താകമാനം ഈ സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം കൂടിയാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ലീഡേർസ് സമ്മിറ്റിൻ്റെ ഉദ്ഘാടനം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി നിർവ്വഹിച്ചു. കണ്ണൂരിൽ വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നിശാദ് സലഫിയും കോഴിക്കോട് വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടിയും കായംകുളത്ത് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനിയും ഉദ്ഘാടനം നിർവ്വഹിച്ചു.